ഉത്സവങ്ങള്‍ ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട്, വിശ്വാസങ്ങള്‍ നിലനിര്‍ത്താനായി ധാരാളം അമ്പലങ്ങളും കാവുകളും പള്ളികളും തലയുയര്‍ത്തി നിന്നിരുന്നു. ശില്പചാതുരിയോടെ നിര്‍മ്മിക്കപ്പെട്ട ആരാധനാലയങ്ങള്‍ പലതും നശിപ്പിക്കപ്പെട്ടു. ക്രമേണ മനുഷ്യസഹവാസം കുറഞ്ഞ് കാടുകളായി മാറിയ അമ്പലങ്ങള്‍ പലതും ഇന്ന് വിശ്വാസികളുടെ പ്രവര്‍ത്തന ഫലമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.
ഇങ്ങനെ കണ്ണൂര്‍ ജില്ലയില്‍ കിഴുന്ന ഗ്രാമത്തില്‍, പുതിയ തലമുറകളുടെ മനസ്സില്‍ നിന്ന് പോലും മാഞ്ഞുപോയ ശ്രീ പെരുംതൃക്കോവില്‍ ശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ അടുത്ത കാലത്ത് പുനര്‍നിര്‍മ്മാണം നടന്ന് പ്രതിഷ്ഠ നടക്കുകയാണ്.
അമ്പലം പണിയുന്ന,- ‘നാട്ടുകാര്‍ മൂലോത്തും കാവ് എന്ന് പറയുന്ന സ്ഥലത്ത്‘- ഒരു കാലത്ത് ധാരാളം മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. കാടിനെയും കാട്ടുജന്തുക്കളെയും ഭയപ്പെട്ടിരുന്ന കുട്ടിക്കാലത്ത് സ്ക്കൂളില്‍ പോകുമ്പോള്‍ ഈ പരിസരത്ത് കൂടി ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ ശിവക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ഉണ്ടായിരുന്നു എന്നും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു എന്നും പ്രായം ചെന്നവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
ദ്വാരക കടലില്‍ താണുപോയപ്പോള്‍ ശ്രീ കൃഷ്ണനാല്‍ ആരാധിക്കപ്പെട്ട ശിവലിംഗം ഇവിടെ എത്തിചേര്‍ന്നു എന്നു വിശ്വസിക്കുന്നു. ശിവ ചൈതന്യവും വിഷ്ണുചൈതന്യവും ഒത്തു ചേരുന്നതിനാല്‍ പുണ്യസങ്കേതമായി ഇവിടം കണക്കാക്കാം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ നാഷനല്‍ ഹൈവേയില്‍ തോട്ടട ബസ് സ്റ്റോപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ശ്രീ പെരുംതൃക്കോവിലില്‍ എത്താം. തൊട്ടടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ആരാധന നടത്തിയതിനു ശേഷമാണ് ശിവക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. അമ്പലത്തോട് ചേര്‍ന്ന് പുരാതനമായ കുളവും കാണാം. നവീകരണവും നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്ന ഇവിടം അടുത്ത കാലത്ത് തന്നെ കേരളത്തിലെ അറിയപ്പെടുന്ന അമ്പലമായി മാറുകയാണ്. (മിനി ചിത്രശാലയില്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)
എന്റെ നാട്ടിലെ ഈ മിനി യുടെ ലേഘനങ്ങള്‍ വളെരെ വിലപ്പെടതാണ്.ഓള്‍ ദി ബെസ്റ്റ്
ReplyDelete