“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 1, 2009

8. ശിഷ്യന്മാര്‍ നല്‍കുന്ന പാഠങ്ങള്‍











അദ്ധ്യാപകരെ പഠിപ്പിക്കുന്ന ശിഷ്യന്മാര്‍

എല്ലാ ദിവസവും അസംബ്ലിയോടു കൂടി സ്ക്കൂള്‍ തുടങ്ങണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ പിന്നാലെ വരുന്നു,,,കുട്ടികളെ വെയിലു കൊള്ളാന്‍ അനുവദിക്കരുത് ,,,എന്ന കോടതിവിധി. നല്ലൊരു ദിവസം അസംബ്ലിയോടു കൂടി ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ഒരു ഹൈസ്ക്കൂള്‍ ടീച്ചറായിരിക്കുമ്പോള്‍ അസംബ്ലി എനിക്കു വളരെ ഇഷ്ടമാണ്. കുട്ടികളെയെല്ലാം വരിവരിയായി നിര്‍ത്തിയ ശേഷം എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്കു പിന്നിലായി ഞാന്‍ നിന്ന് ചുറ്റും നിരീക്ഷണം നടത്തും.
...
എന്നാല്‍ സര്‍ക്കാര്‍ സ്ക്കൂളിലെ ഹെഡ് മിസ്ട്രസ്സ് ആയതോടെ നിരീക്ഷീക്കുന്ന അവസ്ഥയില്‍ നിന്നും അസംബ്ലി നടത്തേണ്ട ചുമതലയായി മാറി. ആ സമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.


...
പുതിയ അന്തരീക്ഷം. നിത്യേന നടത്താറില്ലെങ്കിലും ഇവിടെ ആഴ്ചയില്‍ രണ്ട് ദിവസം അസംബ്ലി ഉണ്ടാവും.പതിവ് പോലെ ബല്ലടിച്ചപ്പോള്‍ കുട്ടികളെല്ലാം വരിവരിയായി സ്ക്കൂള്‍ ഗ്രൌണ്ടില്‍ നിരന്നു. സ്ക്കൂള്‍ ലീഡര്‍ അറ്റന്‍ഷന്‍ പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പ്രസംഗിക്കാനായി ഹെഡ്ടീച്ചറായ ഞാന്‍ മൈക്കിനു സമീപം എത്തിയപ്പോഴാണ് “മൈക്ക് പണിമുടക്കി“ എന്നു മനസ്സിലായത്. പെട്ടന്നുതന്നെ മൈക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് അദ്ധ്യാപകര്‍ സ്ക്രൂഡ്രൈവറും സ്പാനറും കട്ടിങ്ങ് ബ്ലേയറുമായി വന്ന് ഓപ്പറേഷന്‍ തുടങ്ങി. അഞ്ചു മിനിറ്റ് ആയിട്ടും മൈക്കിന്റെ നിസ്സഹകരണം മാറിയില്ല. വെയിലത്ത് നില്‍ക്കുന്ന കിട്ടികളെ ഓര്‍ത്തപ്പോള്‍ എനിക്കു ടന്‍ഷന്‍ വര്‍ധ്ദിക്കാന്‍ തുടങ്ങി…..അഞ്ഞൂറ് കുട്ടികള്‍ക്ക് കേള്‍ക്കാനുള്ള ശബ്ദം എനിക്കുണ്ട്, മൈക്കൊന്നും ആവശ്യമില്ല…...ഞാന്‍ മുന്നോട്ട് നീങ്ങി.
-----,,,
അപ്പോഴതാ ഗ്രൌണ്ടില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കിടെയില്‍ നിന്നും ഒരു എട്ടാം ക്ലാസ്സുകാരന്‍ പയ്യന്‍ മുന്നോട്ട് വന്ന് സ്റ്റേജില്‍ കയറുന്നു. റിപ്പേയര്‍ നടത്തുന്ന അധ്ദ്യാപകരോടായി പറഞ്ഞു,,,“മാഷേ അത് ഞാനൊന്നു നോക്കട്ടെ”… പയ്യന്‍ സ്ക്രൂഡ്രൈവര്‍ വാങ്ങി ആമ്പ്ലിഫയര്‍ തിരിച്ചും മറിച്ചും നോക്കി…ഏതാനും ചില കേബിള്‍ ഊരുകയും ചിലത് ഉറപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞ് എന്നോടായി പറഞ്ഞു .....“ടീച്ചറേ എല്ലാം ശരിയായിട്ടുണ്ട്; ഓണ്‍ ചെയ്തോ”;
ഇതും പറഞ്ഞ് അവന്‍ തന്നെ മൈക്ക് ഓണ്‍ ചെയ്ത് രണ്ട് തവണ ‘’‘മൈക്ക് ടെസ്റ്റിങ്ങ്’ നടത്തിയശേഷം അവന്റെ സ്ഥാനത്ത് പോയി നിന്നു.

....
ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പ്രസംഗം തുടങ്ങി…‘എന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്ഥികളെ……‘ അസംബ്ലി കഴിഞ്ഞ് പുറത്ത് വന്ന എന്നോട് സ്റ്റാഫ് സെക്രട്ടറി പതുക്കെ പറഞ്ഞു’‘’അവന്‍ എട്ടാം ക്ലാസ്സില്‍ മൂന്നാം വര്‍ഷമാ, മര്യാദക്കു ക്ലാസ്സിലൊന്നും വരാറില്ല‘’‘

February 19, 2009

7.ചിത്രം വരക്കാന്‍ എന്തു രസമാണ്


ചിത്രങ്ങള്‍ എങ്ങനെ?
എനിക്കു ചിത്രം വരക്കാന്‍ ‍ഈ ചുമര്‍തന്നെ മതി. പിന്നെ ഈ കരിക്കട്ടയും. എന്റെ ചിത്രം എങ്ങനെ ????? അഭിപ്രായം എഴുതുമല്ലൊ!!!!!ശ്രീക്കുട്ടി,,,,,

February 17, 2009

6.ഒരു അദ്ധ്യാപികയുടെ അഹങ്കാരത്തിന്റെ അന്ത്യം


പാഠപുസ്തകങ്ങളില്‍ കാണാത്ത പാഠങ്ങള്‍

ഒരു സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ ജീവശാസ്ത്രം അദ്ധ്യാപികയായിരുന്നു ഞാന്‍. വിഷയം ജീവശാസ്ത്രം ആണെങ്കിലും ‍പഠിപ്പിക്കേണ്ടത് ജീവശാസ്ത്രം മാത്രമായിരിക്കില്ല. കൌമാര വിദ്യാഭ്യാസം, ലൈംഗിക വിദ്യാഭ്യാസം, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആരോഗ്യ വിദ്യാഭ്യാസം, മാനസീക-ശാരീരിക കൌണ്‍സിലിങ്ങ്….ആദിയായവയെല്ലാം ഈ ബയോളജി ടീച്ചറുടെ ചുമതലയാണ്. ഇവയെല്ലാം ‘ഏറ്റവും നന്നായി ചെയ്യാനുള്ള കഴിവ് എനിക്കു മാത്രമാണ്‘ എന്ന അഹങ്കാരം എനിക്കുണ്ട്. കാരണം ഞാന്‍ മാത്രമാണ് ഈ സ്ഥാപനത്തിലെ ഒരേ ഒരു ബയോളജി ടീച്ചര്‍.

എന്റെ വിഷയം ശാരീരികവും മാനസികവും സാമൂഹ്യവുമാണ്. ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മറ്റ് അദ്ധ്യാപകര്‍ തയ്യാറല്ല. അങ്ങനെ ഏകശാസനമായി വിദ്യാര്‍ത്ഥികളെ ‘പഠിപ്പിച്ച് ‘അഹങ്കാരിയായി അനേകം വര്‍ഷങ്ങള്‍ ഞാന്‍ ‍സര്‍ക്കാറിന്റെ ശമ്പളം വാങ്ങി സമൂഹത്തെ സേവിച്ചു.
ക്രമേണ S.S.L.C ക്ലാസ്സിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും പസ്സാവാന്‍തുടങ്ങി.(100% വിജയം) ഞാന്‍ പഠിപ്പിച്ചതു കൊണ്ട് എന്റെ വിദ്യാര്‍ത്ഥികളും എന്റെ നാട്ടുകാരും ഈ സമൂഹവും നന്നാവുന്നു എന്ന ചിന്ത എന്നില്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ആ സംഭവം ഉണ്ടായി.
വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശനം ഞങ്ങള്‍ അദ്ധ്യാപികമാരുടെ ചുമതലയാണ്. S.S.L.C ക്ലാസ്സിലുള്ള (ആകെ എണ്ണം 100ല്‍താഴെ മാത്രം)എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ‍അദ്ധ്യാപികമാര്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന ഗ്രൂപ്പുകളായി ചുറ്റിക്കറങ്ങും. എല്ലാ വര്‍ഷവും ജനവരി,ഫിബ്രവരി മാസങ്ങളില്‍ ‍വീടുകളില്‍ ‍പോയി വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങള്‍ ‍ചര്‍ച്ച ചെയ്യുന്നതോടൊപ്പം എട്ടാം തരത്തില്‍ ‍നമ്മുടെ സ്കൂളില്‍ ‍ചേരാനായി പുതിയ കുട്ടികളെ പ്രേരിപ്പിക്കുക എന്ന ചുമതല കൂടിയുണ്ട്. (
ഈ കാര്യത്തില്‍ പുരുഷന്മാരായ ടീച്ചേര്‍സ് നാട്ടിലിറങ്ങാ‍റില്ല. മാന്യന്മാരായ ചെറുപ്പക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ പരിചയക്കാരല്ലാത്ത രക്ഷിതാക്കള്‍‌‌ക്ക് (പ്രത്യേകിച്ച് പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുള്ള വീട്ടുകാര്‍ക്ക് ) അവര് ‍പെണ്ണ് കാണാന്‍ ‍വരുന്നവരാണെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്)…

അങ്ങനെ ഒരു ദിവസം 11 മണിക്ക് ഞാനും മറ്റു രണ്ട് അദ്ധ്യാപികമാരും ചേര്‍ന്ന് S.S.L.C കുട്ടികളെ പരിശോധിക്കാനും എട്ടാം ക്ലാസ്സിലേക്ക് കുട്ടികളെ പിടിക്കാനുമായി നാട്ടിലേക്കിറങ്ങി. സ്ക്കൂളിന്റെ ‍ഏറ്റവും അടുത്തുള്ള പത്താം ക്ലാസ്സുകാരിയുടെ വീട്ടിലെത്തി. കുട്ടിയേയും അമ്മയേയും ഉപദേശിച്ചു. പകരം ചായയും പഴവും കഴിച്ച് അടുത്ത വീടുകളിലേക്ക് കടന്നു.
അങ്ങനെ ഏഴാമത്തെ വീട്ടിലെത്തി. അത് എന്റെ ക്ലാസ്സിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയുടെ വീടാണ്. ഞങ്ങളെ കണ്ടതോ‍ടെ തുണിയലക്കിക്കൊണ്ടിരിക്കുന്ന പ്രിയശിഷ്യ ഓടിയെത്തി. അകത്തുനോക്കി അമ്മയെ വിളിച്ചു. അകത്തുനിന്നും പുറത്തെത്തിയ അമ്മക്ക് ആക്ഷേപം മുഴുവന്‍ ‍മകളെ പറ്റിയാണ്. ....അവള്‍ ‍വീട്ടുജോലിയൊന്നും ചെയ്യുന്നില്ല. ഇളയ കുട്ടികളെ നോക്കുന്നില്ല. എപ്പോഴും പുസ്തകം വായനയാണ്. ഇളയത് നാലെണ്ണം ഉണ്ട്, ഞാനൊരാള്‍ ‍ഒറ്റക്ക് എങ്ങനെ ഈ ചെറിയ കുട്ടികളെ നോക്കും.സ്ക്കൂളില്‍ ‍പോവണ്ട എന്നു പറഞ്ഞാലും ഇവള്‍ അനുസരിക്കുന്നില്ല….എല്ലാം ഒന്നിച്ചു കേട്ട് അന്തംവിട്ട പ്രിയശിഷ്യ അദ്ധ്യാപകരെ ദയനീയമായി നോക്കി.

ഇളയ കുട്ടികളുടെ കാര്യം പറഞ്ഞപ്പോഴാണ് മുറ്റത്തെ ഒരു മൂലയില്‍ ചിരട്ടയില്‍ ‍മണ്ണപ്പവും ചോറും കറിയും വെച്ച് കളിക്കുന്ന ഭാ‍വി ശിഷ്യന്മാരെ നോക്കിയത്. അവര്‍ ‍നാലുപേരുണ്ട്,,,,,രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും,,,, എല്ലാവരും അഞ്ചു വയസ്സില്‍ ‍താഴെയുള്ളവര്‍….മുറ്റത്തെ മൂലയില് ‍അവര്‍ ഒരു കളിവീട് കൂട്ടിയിരിക്കയാണ്. അമ്മയും രണ്ടു മക്കളും തിരക്കുള്ള വീട്ടുപണിയിലാണ്. എങ്ങോ മറന്ന ആ കുട്ടിക്കാലം മനസ്സില്‍ ‍ഓര്‍ത്തുപോയി. മണ്ണ് വാരി കളിക്കാന്‍ ‍സ്വാതന്ത്ര്യമുള്ള കുട്ടികള്‍ ‍ഇന്നും നമുക്കു ചുറ്റും ഉണ്ടല്ലോ എന്ന കാര്യം ഓര്‍ത്തു സന്തോഷിച്ചു പോയി.
നോക്കിയിരിക്കെ പെട്ടന്ന് ഒരു ബഹളം!!!..നാലു വയസ്സുകാരി അമ്മയുടെ അലര്‍ച്ച …”മക്കളേ ഓടിക്കോ,,ഓടിക്കോ,,അച്ഛന്‍ വരുന്നുണ്ട്, ഇന്നും വെള്ളം അടിച്ചോണ്ടാണ്..കാലമാടന്‍” …നോക്കുമ്പോള്‍ ‍അതാ..ഒരു ചെറിയ പയ്യന്‍..പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഇട്ക്കിടെ കുടിക്കുകയും തുപ്പുകയും ചെയ്യ്തുകൊണ്ട് വീട്ടില്‍വരികയാണ്.… വീട്ടിലെത്തിയ ഉടനെ കളിവീടിലെ അമ്മയെ അടിക്കുന്നതോടൊപ്പം ഞങ്ങള്‍ ‍ഒരിക്കലും കേട്ടിട്ടില്ലാത്ത സാഹിത്യ ഭാഷയിലെ തെറിയാണ് (മലയാളം ടീച്ചറുടെ അഭിപ്രായത്തില്‍ ‍ചെവി മുളച്ചതിനു ശേഷം ആദ്യമായി കേള്‍ക്കുന്നത്).രക്ഷിതാക്കളെ അതേ രൂപത്തില്‍ ‍അനുകരിക്കുന്ന നമ്മുടെ ഭാവി ശിഷ്യന്മാരെ പഠിപ്പിക്കാനുള്ള ‘ഭാവി കരിക്കുലം‘ ഏതായിരിക്കും എന്നോര്‍ത്ത് ആ വീട്ടില്‍നിന്നും ഞങ്ങള്‍നടന്നു. തിരിച്ച് സ്ക്കൂളില്‍ ‍എത്തുന്നതുവരെ നട്ടുച്ചയുടെ ചൂടോ, വിശപ്പോ, ദാഹമോ ആരുംതന്നെ അറിഞ്ഞില്ല .