“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 1, 2018

നാ‍യ്ക്കുറുക്കന്മാർ



‘കടപ്പുറം പോകാം, ഞണ്ടിനെ പിടിക്കാം,
വെള്ളരിക്ക തിന്നാം, കറുമുറെ തിന്നാം,
കുന്നിമ്മെ പോകാം, കൂക്കുവിളിക്കാം,’
             ഇതോടൊന്നിച്ചുള്ളത് അറിയാമെങ്കിലും എഴുതുന്നില്ല. കുട്ടിക്കാലത്ത് അമ്മൂമ്മ പാടുന്നതിൽ കാര്യമുണ്ടെന്ന് ഞങ്ങൾ കടൽതീരവാസികൾക്ക് അറിയാം. സന്ധ്യ കഴിഞ്ഞാൽ പത്തിലധികം കുറുക്കന്മാർ വയലിലൂടെ ഓടിവന്ന് തോട് മുറിച്ചുകടന്ന് കല്ലിന്റെ പടികൾ കയറി മുകളിലെത്തുന്നത് എന്റെ വീടിന്റെ മുന്നിലായിരിക്കും. അവിടെയുള്ളവരെ അവഗണിച്ചു‌കൊണ്ട് കുളത്തിൻ കരയിലൂടെ നേരെയങ്ങ് പടിഞ്ഞാറോട്ട് ഓടി കടപ്പുറത്ത് എത്തും. അപ്പോൾ അമ്മ പറയും ‘അകത്തേക്ക് പോ,, കുറുക്കന്മാർ കുട്ടികളെ പിടിക്കും’

                അന്നൊന്നും ആരും കുറുക്കന്റെ പിന്നാലെ ക്യാമറയുമായി പോയിട്ടില്ല,, ഞാനും പോയിട്ടില്ല. കുറുക്കന്മാരെ നമ്മുടെ വഴിയിൽ കണ്ടുമുട്ടാറാണ് പതിവ്. നിലാവുള്ള രാത്രിയിൽ വീടിന്റെ രണ്ടാം നിലയിൽ തുറന്ന ജനാലയിലൂടെ താഴോട്ട് നോക്കിയാൽ കുറുക്കന്മാർ മാത്രമല്ല പലതരം രാത്രീഞ്ചരന്മാരെയും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഒരുദിവസം രാത്രി 8 മണി നേരത്ത് കടപ്പുറത്ത് ഇരിക്കുമ്പോൾ ഞാനാദൃശ്യം കണ്ടത്, ‘രണ്ട് കുറുക്കന്മാർ ഞണ്ടിനെ ഓടിച്ചിട്ട് പിടിക്കുന്നു, തിന്നുന്നു’. പിന്നെ ഒരു കാര്യം, കടൽ‌തീരമാണെങ്കിലും ഇവിടെ പൂഴി കുറവാണ്,, കരമുഴുവൻ ഉയർന്ന ചെങ്കൽ പാറകളാണ്, മത്സ്യബന്ധനം ചൂണ്ടയിടൽ മാത്രമാണ്. (രാത്രി ആയാലും ധൈര്യമുണ്ടെങ്കിൽ ഏത് നട്ടപ്പാതിരക്കും പെണ്ണിന് ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അന്നെന്റെ ഗ്രാമത്തിലുണ്ട്. അക്കാലത്ത് രാത്രി 7.30 ന് എൻ.എച്ച്. 17ൽ ബസ്സിറങ്ങി അര മണിക്കൂർ ടോർച്ചടിച്ച് നടന്ന് വീട്ടിലെത്തുന്ന ആളായിരുന്നു ഞാൻ (1980കളിൽ),, ഇന്നും അതേദൂരം അതേ സമയത്ത് അതേ ഇടത്തുള്ള വീട്ടിൽ പതിവായി ഓട്ടോയിൽ യാത്ര ചെയ്യുകയാണ് സഹോദര ഭാര്യ)

ഓ,, കുറുക്കന്മാരുടെ കാര്യം?
              കുട്ടിക്കാലത്ത് കുറുക്കന്മാരുടെ കൂവൽ കേൾക്കാത്ത ഒരു രാത്രിപോലും ഉണ്ടാവാറില്ല. രണ്ടുതരം കൂവൽ ഉണ്ട്. ഒന്ന് കൂട്ടമായുള്ള ഗാനമേളയാണ്,, ഒരുത്തന്റെ പിന്നാലെ മരുള്ളവരും കൂയ്,,,, കൂയ്,,, എന്ന് കൂവിക്കൂവി അടിച്ചുപൊളിക്കുന്നു. വീട്ടുപറമ്പിലൂടെ ഓടുമ്പോഴും ചിലനേരത്ത് ഒന്നിലധികം കുറുക്കന്മാർ ചേർന്ന് കൂവുന്നത് കാണാറുണ്ട്. പിന്നെയുള്ളത് ഒറ്റപ്പെട്ട നീട്ടിയുള്ള കൂവലാണ്,, ഇത് ആദ്യത്തെ ഗാനമേളയുടെ സ്വരം അല്ല. ഓരിയിടുക എന്ന് പറയുന്ന ഈ കൂവൽ നടത്തുന്നത് ഓരിക്കുറുക്കൻ എന്ന ഒരു വിഭാഗമാണെന്നും അവരെല്ലാം പെൺ‌കുറുക്കന്മാരാണെന്നും പറഞ്ഞറിവാണ് തീരദേശവാസികൾക്ക്. ഈ ഓരിയിടൽ നായകളും നടത്തും. ഓരിയിടലിനോടനുബന്ധിച്ച് അതുകേൾക്കുന്ന മനുഷ്യർക്ക് അപകടം ഉണ്ടാവും എന്നൊരു വിശ്വാസം കൂടിയുണ്ട്. തീരപ്രദേശത്ത് എല്ലാ ദിവസവും കുറുക്കന്റെ കൂവൽ കേൾക്കുന്ന ഞാൻ പിന്നീട് ഒറിജിനൽ കാട് കൈയേറിയ ഇടത്ത് താമസം മാറ്റിയപ്പോൾ കുറുക്കന്റെ ശബ്ദം വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളൂ. കാട്ടുകോഴിയും കാട്ടുപൂച്ചയും കാട്ടുമുയലും കറങ്ങി നടന്നിരുന്ന ആ ഇടം ഇപ്പോൾ കണ്ണൂർ വിമാനതാവളത്തിന്റെ റൺ‌വേ ആയിമാറി.

അപ്പോൾ നമ്മുടെ ശുനകൻ ആര്??
            കുട്ടിക്കാലത്ത് (1960 മുതൽ) ഞാൻ കണ്ടിരുന്ന കുറുക്കന്മാർക്ക് നായകളോട് ഒരു സാദൃശ്യവും ഉണ്ടായിരുന്നില്ല. നീണ്ട രോമങ്ങൾ കുലകളായി ചേർന്ന വാല് നീളത്തിൽ താഴ്തിയിടും. ഉയരം കുറവ്, ചാരനിറം. ചെവി ഉയർത്തി നോക്കിയശേഷം പെട്ടെന്ന് ഓടിഒളിക്കും. നായകൾ പിന്നാലെ ഓടിച്ച് ഉപദ്രവിക്കും. അവരെ അടുത്തുകാണുന്നത് കോഴിയെ പിടിക്കാൻ വരുമ്പോഴാണ്. എന്റെ ഗ്രാമത്തിലെ എല്ലാ വീടുകളിലും അക്കാലത്ത് കോഴിയെ വളർത്താറുണ്ട്. ഒളിച്ചിരിക്കുന്ന കുറുക്കന്മാർ കോഴിയുടെ പിന്നാലെ ഓടിയിട്ട് പിടിച്ചശേഷം വയലിലൂടെ ഓടി മറുപുറത്തുള്ള മനുഷ്യവാസമില്ലാത്ത കാവുകളിൽ കടക്കും.
            
               ഒരാൾ പറഞ്ഞ അനുഭവം: കോഴിയെ പിടിച്ച കുറുക്കന്റെ പിന്നാലെ അയാൾ പോയപ്പോൾ കണ്ടത്, ഒരു മരച്ചുവട്ടിൽ രണ്ട് കുറുക്കന്മാരെയാണ്. മനുഷ്യനെ കണ്ട് കുറുക്കന്മാർ ഓടിപ്പോയപ്പോൾ അയാൾക്കാകെ സംശയം കോഴിയെ ഇത്രപെട്ടെന്ന് തിന്നാൻ കഴിയുമോ? ശ്രദ്ധിച്ച് നോക്കിയപ്പോൾ കോഴിയുടെ കാൽ മണ്ണിനടിയിൽനിന്ന് ഉയർന്നിരിക്കുന്നു,, അത് പിടിച്ചു വലിച്ചപ്പോൾ ചത്തകോഴി മണ്ണിനടിയിൽ,, അതുമായി നേരെ വീട്ടിൽ വന്ന് കറിവെച്ച് കഴിച്ചു. കുറുക്കന്മാർ കൊന്നജീവിയെ പെട്ടെന്ന് തിന്നാറില്ലെന്നും അത് മണ്ണിനടിയിൽ കുഴിച്ചിട്ടശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ തിന്നാറുള്ളൂ എന്നും ഒരു ശാസ്ത്രപുസ്തകത്തിൽ വായിച്ചത് ഞാൻ ഓർക്കുന്നു.
@അക്കാലത്ത് നമ്മുടെ ഗ്രാമീണർ തരം നോക്കിയിട്ട് മറ്റു ജന്തുക്കൾ കൊന്നതിന്റെ,, തിന്നതിന്റെ ബാക്കിയൊക്കെ തിന്നുന്ന കാലമാണ്. അണ്ണാൻ തിന്ന മാങ്ങയുടെ മറുവശം കടിച്ചുതിന്ന ശീലം എനിക്കുണ്ട്. പക്ഷെ കാക്ക തിന്നത് തിന്നുകയില്ല,, കാരണം കാക്ക അമേധ്യം തിന്നും. കീരി കൊന്നിട്ട കോഴിയെ കറിവെക്കാറുണ്ട്@

            പിന്നെ നമ്മുടെ കുറുക്കന്മാർ മാങ്ങ കശുമാങ്ങ തുടങ്ങിയവയൊക്കെ തിന്നാറുണ്ടെന്ന് പറയപ്പെടുന്നു. അവരുടെ ഇഷ്ടഭക്ഷണമാണ് വെള്ളരിക്ക,, അതുകൊണ്ട് വയലിലെ വെള്ളരിത്തോട്ടത്തിനുചുറ്റും മടഞ്ഞ തെങ്ങോലകൊണ്ട് വളച്ച് വേലികെട്ടും. കൂടാതെ അതിനകത്ത് ആൺകുട്ടികൾ ചെണ്ടകൊട്ടിക്കൊണ്ട് രാത്രിനേരത്ത് കാവൽനിൽക്കും. അങ്ങിനെയൊരു കാലത്ത് രാത്രിനേരത്ത് വെള്ളരി വയലിൽ കളിച്ചിരുന്നതാണ് വെള്ളരിനാടകം. എന്തൊക്കെ വേലി കെട്ടിയാലും കുറുക്കൻ വേലിചാടിയിട്ട് വയലിൽ കടന്ന് വെള്ളരിക്ക കട്ടുതിന്നും. കുറുക്കൻ തൊട്ട വെള്ളരിയാണ് കയ്പുണ്ടാവുന്നത് എന്ന് പറയപ്പെടുന്നു.
              ഞാൻ ജീവിച്ചിരുന്ന കടൽ‌തീര ഗ്രാമത്തിൽ കുറുക്കന്മാർ ഇപ്പോഴും ഉണ്ടോ എന്ന് എനിക്കറിയില്ല. അക്കാര്യം അറിയാൻ ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി. അവിടം വിട്ട് പട്ടണത്തിൽ താമസമാക്കിയപ്പോൾ നഷ്ടപ്പെട്ടത് പലതുമാണ്. കുറുക്കന്റെ ഓരിയിടൽ പോലെ അക്കാലത്ത് എല്ലാദിവസവും കേൾക്കുന്നതാണ് കുളക്കോഴിയുടെ സന്ധ്യാഗാനം. അതെല്ലാം അനുഭവിച്ചല്ലാതെ പറഞ്ഞറിയിക്കാൻ ആവാത്തതാണ്.

              ഇപ്പോഴും ഒറ്റപ്പെട്ട ഓരിയിടലുകൾ പട്ടണത്തിലും കേൾക്കാറുണ്ട്. അത് കുറുക്കനാണോ, നായയാണൊ എന്നൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. കുറുക്കനെപ്പോലെ നായയെയും ഞാൻ അകറ്റി നിർത്തിയ മൃഗമാണ്. ഇവിടെ അഞ്ചരക്കണ്ടി, ചക്കരക്കല്ല് പ്രദേശത്ത് കുറുക്കന്മാരും നായകളും വളരെ ഐക്യത്തിലാണ്. തെരുവുപട്ടികളുടെ കൂട്ടത്തിൽ ഒന്നോ രണ്ടോ കുറുക്കന്മാരെയും കാണാം. ഒരുദിവസം എളുപ്പവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോൾ നിർമ്മാണത്തിലുള്ള ഒരു വീടിന്റെ സമീപം പൂഴിയിൽ കിടന്ന് വിശ്രമിക്കുന്ന പത്തോളം നായകളെയും ഒപ്പം രണ്ട് കുറുക്കനെ പോലുള്ളവരെയും കണ്ടിരുന്നു. എന്റെ വീടിനു മുന്നിലൂടെ നടന്നുപോകുന്ന പട്ടികളുടെ ഒപ്പം കാണുന്ന കുറുക്കന്മാർ ഒറിജിനൽ ആണോ സങ്കരയിനം ആണൊ എന്ന കാര്യത്തിൽ എനിക്കാകെ സംശയം ഉണ്ട്.

               ചിത്രത്തിൽ കാണുന്ന കുറുക്കന്റെ ഫോട്ടോ ലഭിച്ചത് വലിയന്നൂരിലെ വീടിനു മുന്നിൽ വെച്ചാണ്. അവന്റെ കൂടെ രണ്ട് നായകളും ഉണ്ടായിരുന്നു. നായകൾ രണ്ടും വീടിന്റെ മുറ്റത്ത് വരുമെങ്കിലും കുറുക്കൻ അകലെനിന്ന് സംശയത്തോടെ നോക്കും. ഓടിപ്പോവാറില്ല,, ക്യാമറക്ക് പോസ് ചെയ്യും.
              ഇനിയിപ്പോൾ കുറുക്കനും കുറുനരിയും,, Fox,, Jackal,, ഏതാണ് എന്താണ് എന്നൊക്കെ അന്വേഷിക്കുമ്പോഴേക്കും അവയുടെ വംശം നശിക്കാറായി. കുറുനരി എന്ന ആളെ ഇവിടങ്ങളിലൊക്കെ പലപ്പോഴും കാണാറുണ്ട്. നായകളിൽ നിന്നും വ്യത്യസ്ഥനായി ചെവിയും വാലും കാണുമ്പോൾ തിരിച്ചറിയാം. പിന്നെ അവൻ മനുഷനെ അകലെനിന്ന് നിരീക്ഷിക്കാറാണ് പതിവ്.

              കുറുക്കനെ അവസാനമായി ഞാൻ കണ്ടത് ഒരുവർഷം മുൻപാണ്. കടമ്പൂരിലെ വീട്ടിൽ വെച്ച്,, അടുത്തപറമ്പിൽ കാടുനിറഞ്ഞ ഇടത്തുകൂടി പണ്ടത്തെപ്പോലെ എന്നെ നോക്കിക്കൊണ്ട് ചുറുചുറുക്കോടെ ഒളിച്ചോടുന്നു. കുട്ടിക്കാലത്ത് ഞണ്ടിനെ പിടിക്കാൻ പോയവൻ തന്നെ. അതേ നീണ്ടുകുലഞ്ഞ വാല്,, അതേ മുഖം അതേ കണ്ണ്,, അതെ അവനൊരു കുറുക്കൻ തന്നെ,,

ആരാണ് നായ്ക്കുറുക്കൻ?
അതിന് തെളിവുണ്ടോ?
മറ്റുള്ളവരുടെ മുന്നിൽ ഒരു മറയുമില്ലാതെ നാണവും മാനവും ഉളുപ്പും ഇല്ലതെ ഇണചേരുന്ന നായ്ക്കൾ കുറുക്കനുമായി അവിഹിതം നടത്തുന്നത് കണ്ടെത്താൻ അതിന്റെ പിന്നാലെ പോകുന്ന നിരീക്ഷകന് എളുപ്പത്തിൽ കഴിയുമല്ലോ,, അതിനായി സദാചാര പോലീസൊന്നും ആവണമെന്നില്ല.
******

June 22, 2018

വായനയുടെ ഓർമ്മകൾ

               ഓർമ്മവെച്ച കാലം മുതൽ പുസ്തകങ്ങളുടെ ലോകത്ത് കളിച്ചുവളർന്ന ഞാൻ വായന തുടങ്ങിയത് ഹരിശ്രീ എഴുതുന്നതിന് മുൻപെ ആയിരുന്നു. സമീപമുള്ള വായനശാലയും ലൈബ്രേറിയനായ അമ്മാവനും ചേർന്നാണ് വായനയുടെ ലോകത്തേക്ക് എന്നെ കടത്തിവിട്ടത്. ഒന്നാം തരത്തിൽ പഠിക്കുമ്പോൾ തന്നെ പത്രങ്ങളും വാരികകളും കഥാപുസ്തകങ്ങളും വായിച്ചിരുന്നു. ആദ്യമായി ഓർമ്മയിലെത്തുന്ന കഥാപുസ്തകം ഈസോപ്പ് കഥകളാണ്. ഒപ്പം തന്നെ അറബിക്കഥകൾ അടക്കം എല്ലാം തുടർന്ന് വായിച്ചു. വായിച്ചവയുടെ പേരുകൾ ഓർമ്മയുള്ളവ അനേകമാണ്. പഴയ കാലത്തെ പുസ്തകങ്ങളിൽ വായിക്കാത്തവ ഏതൊക്കെയാണെന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. അവകാശികൾ, പാവങ്ങൾ, ഡോൺ ക്വിസ്ക്കോട്ട്, യുദ്ധവും സമാധാനവും, കിഴവനും കടലും, ഒരു ദേശത്തിന്റെ കഥ, നാം ജീവിക്കുന്ന ഈ ലോകം, തുടങ്ങി അക്കാലത്ത് ലഭ്യമായ എല്ലാ പുസ്തകങ്ങളും ഒക്കെ വായനയിൽ ഇടം പിടിച്ചു,,

                  മുട്ടത്തുവർക്കി, കേശവദേവ്, തകഴി, എസ്.കെ. പൊറ്റക്കാട്, സഞ്ജയൻ, വിലാസിനി തുടങ്ങി എത്രയെത്ര എഴുത്തുകാരാണ് വായനയിലൂടെ കടന്നുപോയത്. യാത്രാവിവരണങ്ങൾ, നോവൽ, കഥകൾ, ചരിത്രം, ആത്മകഥ, ജീവചരിത്രം, തുടങ്ങി എല്ലാമെല്ലാം. പിന്നെ എടുത്തുപറയേണ്ടത് ഡിക്റ്ററ്റീവ് നോവലുകളാണ്. വെളുത്ത ചെകുത്താൻ, മൃത്യുകിരണങ്ങൾ, ഒപ്പം കോട്ടയം പുഷ്പനാഥിന്റെ നോവലുകളും. ഒരു പുസ്തകം വായിച്ചാൽ രചയിതാവിന്റെ മറ്റുള്ള സൃഷ്ടികളും കണ്ടുപിടിച്ച് വായിക്കുന്ന ശീലം ഉണ്ടായിരുന്നു. കൂട്ടത്തിൽ ഇഷ്ടപ്പെട്ടത് ആരാണെന്നോ? അത് മറ്റാരുമല്ല,, എസ്.കെ. പൊറ്റക്കാട് തന്നെ,,,
                 ഒറ്റയടിക്ക് വായിക്കുക എന്നതാണ് അന്നത്തെ എന്റെ വായനാ രീതി. ഒരു പുസ്തകം ലഭിച്ചാൽ അത് തീരുന്നതുവരെ മറ്റാർക്കും കൊടുക്കാതെ തുടർന്ന് വായിക്കും. രണ്ട് ദിവസം ആവശ്യമായത് വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ മാത്രം. മറ്റു തിരക്കുകൾ ഇല്ലാത്ത നേരത്തായിരിക്കും വായന തുടങ്ങുന്നത്. മിക്കവാറും രാത്രി മറ്റുള്ളവർ ഉറങ്ങുന്ന നേരത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായന. പുസ്തകത്തിന്റെ വലിപ്പം കണക്കാക്കിയിട്ട് ചിലപ്പോൾ പുലരുന്നതുവരെ വായിക്കും. ജീവിതത്തിന്റെ പകുതിയിൽ അധികവും മണ്ണെണ്ണ വെളിച്ചത്തിലായിരുന്നു. ഉറങ്ങുമ്പോൾ വായിച്ച പുസ്തകം തലയിണക്ക് സമീപം വെച്ചിട്ടുണ്ടാവും. അങ്ങിനെയൊരിക്കൽ വായിച്ചുതീർന്ന പുസ്തകവുമായി ഉറങ്ങാൻ കിടന്നെങ്കിലും ഭയം കൊണ്ട് ഉറക്കം വന്നില്ല. ഒടുവിൽ വസ്ത്രങ്ങൾ വെച്ചിരുന്ന ഇരുമ്പുപെട്ടിയിൽ പുസ്തകം വെച്ച് അടച്ചുപൂട്ടിയശേഷം ഉറങ്ങി,, ആ പുസ്തകത്തിന്റെ പേര്,,, ‘ഡ്രാക്കുള’.
               നീണ്ട 32 കൊല്ലത്തെ അദ്ധ്യാപന ജീവിതത്തിനിടയിലും ധാരാളം വായിച്ചു. എവിടെ എത്തിയാലും സ്ക്കൂൾ ലൈബ്രറി എന്റെ തട്ടകം ആയിരുന്നു. ഇതിന്റെ പേരിൽ സഹപ്രവർത്തകരുമായി പലതരം പ്രശ്നങ്ങൾ ഉണ്ടാക്കി. ‘ഇനിയങ്ങോട്ട് ടീച്ചർക്ക് പുസ്തകം തരില്ലെന്ന്’ എന്നോട് പറഞ്ഞ ലൈബ്രേറിയൻ, ഏതാനും മാസം കഴിഞ്ഞപ്പോൾ അലമാരയിൽ കിടന്ന് ചിതലുപിടിച്ച പുസ്തകങ്ങൾ വെയിലത്ത് ഉണക്കാനിട്ട ദയനീയ രം‌ഗത്തിന് ഞാൻ സാക്ഷിയാണ്. അങ്ങിനെ എന്തെല്ലാം വായന ഓർമ്മകൾ,,,
വിരമിച്ചശേഷം,, ഇനിയങ്ങോട്ട്,,,
വായനയോടൊപ്പം എഴുത്തിന്റെയും കാലമാണ്. മാതൃഭൂമി, സ്ത്രീശബ്ദം, നർമഭൂമി, ഭാരതദേശം, വയോജനശബ്ദം, വാർത്താസാന്ത്വനം, ചിരിമധുരം, ശ്രീരഞ്ജിനി,,, കൂടാതെ അനേകം സ്മരണികകൾ,, എല്ലാറ്റിലും എന്റെ രചനകൾ അച്ചടിക്കപ്പെട്ടു. നർമ്മഭൂമി മാസികയിൽ 8 വർഷമായി മുടങ്ങാതെ മിനിനർമം എഴുതുന്നുണ്ട്.
പുസ്തകങ്ങൾ 6 എണ്ണം അച്ചടിക്കപ്പെട്ടു. അവയിൽ 2 എണ്ണം രണ്ടാം പതിപ്പ് ഇറങ്ങി. പണിപ്പുരയിൽ ഏഴോളം പുസ്തകങ്ങൾ ഉണ്ട്. അവയുടെ എഡിറ്റിംഗും അച്ചടിയും പുരോഗമിക്കുന്നു.
എല്ലാം വായനയുടെ നേട്ടം മാത്രമാണ്. മറ്റുള്ളവർ എഴുതിയത്, ഞാൻ വായിക്കുന്നതുപോലെ, എന്റെ രചനകൾ മറ്റുള്ളവർ വായിക്കുന്നതു കാണുമ്പോൾ മനസ്സിൽ സന്തോഷം നിറയുകയാണ്.



   എന്റെ പുസ്തകങ്ങൾ
  1. ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്)
  2. അനിയൻബാബു ചേട്ടൻബാബു
  3. മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ
  4. മിനിനർമകഥകൾ
5. മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്)
6. പുട്ടും കടലയും

കൂടാതെ ഏഴ് കൂട്ടായ്മ കൃതികളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്,
       1, മൌനത്തിനപ്പുറത്തേക്ക്
       2, നേരുറവകൾ
       3, ഭാവാന്തരങ്ങൾ
       4, ചിരുകകൾ ചിലയ്ക്കുമ്പോൾ
       5, കഥാവസന്തം
 6, പളുങ്കുമണികൾ
 7, സ്ത്രൈണസ്ഫുരണങ്ങൾ

പണിപ്പുരയിൽ ഉള്ളതും പ്രസിദ്ധീകരിക്കാൻ ഇടയുള്ളവയും,
       1, രാത്രിമണൽ
 2, മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണക്കിളികൾ
       3, കുട്ടിയമ്മയുടെ ആണി
       4, ആനജീവിതം
       5, പുരനിറഞ്ഞ പുരുഷൻ
       6, ടെറസ്സിലെ കൃഷി
       7, എട്ട് സുന്ദരികളും ഒരു സിനിമയും

             അന്ന് എന്റേത് ആയിരുന്ന ആശാൻ സ്മാരക വായനശാലയിലെ ഏതാനും പഴയ പുസ്തകങ്ങൾ ബാക്കിയുണ്ടെങ്കിൽ അവയുടെ കവർ‌പേജിൽ രണ്ടാം ക്ലാസുകാരിയായ ഞാൻ എഴുതിച്ചേർത്ത പുസ്തകനമ്പറും 1959ലെ തീയ്യതിയും കാണാൻ കഴിയും. എന്റെ സമയം എനിക്ക് സ്വതന്ത്രമായി വായിക്കാനും എഴുതാനും അനുവദിച്ചുതന്ന രക്ഷിതാക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും സുഹൃത്തുക്കളോടും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു.
നന്ദി, നന്ദി, നന്ദി,,,


February 4, 2018

വി.പി.പി. എന്ന മഹാസംഭവം

എന്റെ പുസ്തകലോകം


               വി.പി.പി. യെക്കുറിച്ച് ആദ്യമായി കേട്ടത് എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴാണ്. കോമ്പസിഷൻ എന്ന എഴുത്തുപരിപാടിയിൽ വായിക്കാനുള്ള പുസ്തകം ആവശ്യപ്പെട്ടുകൊണ്ട് അറിയപ്പെടാത്തതും അകലെയുള്ളതുമായ പുസ്തക വില്പനക്കാർക്ക് അപേക്ഷ തയ്യാറാക്കുമ്പോൾ അത് വി.പി.പി. ആയി അയച്ചുതരണമെന്നാണ് എഴുതിയത്,,, Kindly sent these books by VPP,,, അപ്പോൾ അക്കാര്യം മറന്നെങ്കിലും, പഠനവും പഠിപ്പിക്കലും കഴിഞ്ഞ് എഴുത്തുകാരി എന്ന കെ.എസ് മിനി ആയി രൂപാന്തരപ്പെട്ടപ്പോഴാണ് വി.പി.പി. എന്ന സംഭവം വീണ്ടും കടന്നുവന്നത്. ഏതാണ്ട് 800ൽ അധികം പുസ്തകങ്ങൾ വി.പി.പി. ആയി ഞാൻ അയച്ചിട്ടുണ്ട്. ചിലത് തിരിച്ചു വന്നിട്ടുണ്ടെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ട് തവണ അയച്ചിട്ടും പുസ്തകം തിരികെ വന്നിട്ടുണ്ട്. മൂന്നാം തവണ അയച്ച പുസ്തകം ലഭിച്ചപ്പോൾ നന്ദി അറിയിച്ചവരും ഉണ്ട്. ഞാൻ എഴുതി പ്രസിദ്ധീകരിച്ച 6 പുസ്തകങ്ങളിൽ കൂടുതൽ ചെലവായത്  ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’, എന്ന കാർഷിക ലേഖന സമാഹാരമാണ്.

എന്റെ ആദ്യ പുസ്തകം

               സ്വന്തം പുസ്തകം വി.പി.പി. ആയി അയക്കാൻ കഴിഞ്ഞാൽ അയക്കുന്ന എഴുത്തുകാരനും ലഭിക്കുന്ന വായനക്കാരനും ഒരുപോലെ സന്തോഷവും സംതൃപ്തിയും ഉണ്ടാവും. വായിക്കാൻ താല്പര്യമുള്ള പുസ്തകം പോസ്റ്റ്‌മാൻ വീട്ടിലെത്തിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. അതുപോലെ സ്വന്തം പുസ്തകം വായനക്കാരന്റെ കൈകളിൽ എത്തുന്നതും  പ്രതിഫലം ലഭിക്കുന്നതും എഴുത്തുകാരന് സന്തോഷം നൽകുന്നു. എന്നാൽ വി.പി.പി. അയക്കുന്നതിനെക്കുറിച്ച് ശരിയായ അറിവ് പലർക്കും കുറവാണ്.
രണ്ടാമത്തെ പുസ്തകം (ഹാസ്യകഥാസമാഹാരം)

             വി.പി.പി. അയക്കാനുള്ള സംവിധാനം  സബ്. പോസ്റ്റ്‌ഓഫീസ് തൊട്ട് മുകളിൽ മാത്രമാണ്. (ബ്രാഞ്ചുകളിൽ ഇല്ല). നമുക്ക് പണം ലഭിക്കേണ്ട പരിധിയിലെ സബ്. പോസ്റ്റ്‌ഓഫീസിൽ മാത്രമേ വി.പി.പി. അയക്കാൻ കഴിയുകയുള്ളൂ. നാട്ടിലെ പോസ്റ്റ്‌ഓഫീസ് ഒഴിവാക്കിയിട്ട് ജില്ലാ ആസ്ഥാനത്ത് പോയിട്ട് അയക്കാൻ കഴിയില്ല (പോസ്റ്റ് ഓഫീസുകാർ പറഞ്ഞതാണ്). പിന്നെ വി.പി.പി. മണിഓർഡർ ഫോറം വേണം. ഓൺലൈനായി മണിഓർഡർ അയക്കുന്ന ഇക്കാലത്ത് പണ്ടത്തെ മണിഓർഡർ ഫോറം അന്വേഷിച്ച് സംഘടിപ്പിക്കണം. പിന്നെ പാർസൽ (പുസ്തകം) പൊതിയാനുള്ള പേപ്പർ, അതിൽ അഡ്രസ്സ് എഴുതാനുള്ള സൌകര്യം ഒക്കെ ഉണ്ടാവണം. വി.പി.പി. ഫോറം ലഭിച്ചില്ലെങ്കിൽ സാധാരണ മണിഓർഡർ ഫോറം ആയാലും മതി. പക്ഷെ അയക്കുന്ന ആളുടെയും (പുസ്തകം വാങ്ങുന്നവൻ) പണം കിട്ടേണ്ട ആളുടെയും (പുസ്തകം അയക്കുന്നവൻ)  പേര് ശ്രദ്ധിച്ച് പൂരിപ്പിക്കണം. കാരണം ഈ മണിഓർഡർ ഫോറത്തിലാണ് പണം വാങ്ങുമ്പോൾ ഒപ്പിടേണ്ടത്. പിന്നെ ഇതെല്ലാം ഇംഗ്ലീഷിൽ എഴുതുന്നതാണ് നല്ലത്. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ അയക്കുമ്പോൾ,,,
വി.പി.പി.



              ഇതൊക്കെ ശരിയായാൽ അയക്കേണ്ട പുസ്തകം (വസ്തു) പൊതിഞ്ഞു കെട്ടുക,,(പാർസൽ) അത് ഉൾവശത്തുള്ള ഐറ്റം കാണുന്ന തരത്തിലാവണം, വശങ്ങൾ മുഴുവനായി പൊതിയരുത്. (സംശയമുണ്ടെങ്കിൽ പൊളിച്ചു നോക്കാൻ, അതുകൊണ്ട് ഇടക്ക് മറ്റൊന്നും തിരുകിക്കയറ്റരുത്). അതിന്റെ മുകളിൽ VPL printed matter, VP for Rs .. തുക അക്കത്തിലും അക്ഷരത്തിലും എഴുതാം. (പുസ്തകവിലയോടൊപ്പം വി.പി.പി. ചാർജ്ജ് ആവശ്യമനുസരിച്ച് (സ്വീകർത്താവിന്റെ താല്പര്യം അറിഞ്ഞ് ഉൾപ്പെടുത്താം) പിന്നെ അയക്കുന്ന ആളിന്റെയും ലഭിക്കേണ്ട ആളിന്റേയും അഡ്രസ് വ്യക്തമായി എഴുതണം. പിൻ‌കോഡ് ഇവിടെ നിർബന്ധമാണ്, പിന്നെ രണ്ടുപേരുടേയും ഫോൺ നമ്പർ കൂടി ചേർക്കുന്നതാണ് നല്ലത്. ആവശ്യമുള്ളപ്പോൾ പോസ്റ്റ്‌മാന് വിളിച്ചു ചോദിക്കാമല്ലൊ. അതോടൊപ്പം ഉള്ളിൽ എന്താണെന്നുകൂടി എഴുതണം. ഫോൺ നമ്പർ എഴുതിയാൽ ഭൂകമ്പം ഉണ്ടാവുമെന്ന് ചിന്തിക്കുന്നവർ ഈ പണി ഒഴിവാക്കണം.
വി.പി.പി. മണി ഓർഡർ ഫോറം ഒട്ടിച്ചത്



                   ഇനിയാണ് അടുത്ത ഘട്ടം,, മണിഓർഡർ ഫോറം പൂരിപ്പിച്ച് ഒപ്പിടുക. ഇവിടെ പണം അയക്കുന്നത് പുസ്തകം വാങ്ങുന്ന ആളായതിനാൽ അവരുടെ പേരാണ് അയക്കുന്ന ആളിന്റെ സ്ഥാനത്ത് എഴുതേണ്ടത്. പിന്നെ സ്വന്തം അഡ്രസാണ് പണം ലഭിക്കേണ്ട ആളിന്റെ സ്ഥാനത്ത് എഴുതേണ്ടത്. ലഭിക്കേണ്ട തുകയൊക്കെ ശരിയായി എഴുതിയശേഷം മണിഓർഡർ ഫോറം മടക്കിയിട്ട് പാർസൽ കവറിന്റെ ഒപ്പം ചേർത്ത് ഒട്ടിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുക.
പുസ്തകം 3: മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ

അതിനുശേഷം അടുത്തുള്ള സബ്‌. പോസ്റ്റ്ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ത് പണം (വി.പി.പി.ചാർജ്ജ്) അടക്കുക. പുസ്തകത്തിന്റെ തൂക്കം നോക്കിയിട്ട് അടക്കേണ്ട തുക പറയും.‌ വി.പി.പി. ചാർജ് 100 പേജ് പുസ്തകത്തിന് 25 രൂപയോ അതിൽ കുറവോ ആയിരിക്കും. ഇന്ത്യയിൽ എവിടെ എത്താനും ഒരേ ചാർജ്ജാണ്. തൊട്ടടുത്ത പഞ്ചായത്തിലും അകലെയുള്ള ലക്ഷദീപിലോ തെലുങ്കാനയിലോ അയക്കാനും 25 രൂപ തന്നെ. കൊറിയർ പോലെ ദൂരത്തിനനുസരിച്ച് ചാർജ്ജ് കൂടുകയില്ല. ഒടുവിൽ രശീതി വാങ്ങിയിട്ട് പോസ്റ്റ്മാൻ പണം കൊണ്ടുവരുന്നതു വരെ കാത്തിരിക്കുക.
പുസ്തകം 4: മിനിനർമകഥകൾ

(ഇക്കാര്യം മറ്റുള്ളവരെ ഏല്പിച്ചിട്ട് അവർ ടീഎ.യും പാക്കിംഗ് ചെലവും ഒക്കെ വാങ്ങുമ്പോൾ വി.പി.പി. യെയും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിനെയും കുറ്റം പറയുന്നത് ശരിയല്ല.)



                 കേരളത്തിലെ എല്ലാജില്ലകളിലും കൂടാതെ ലക്ഷദീപ്, അന്തമാൻ‌ നിക്കോബാർ, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ, ആസാം, ഒറിസ്സ, ബീഹാർ, തെലുങ്കാന തുടങ്ങി അനേകം മഹത്തായ സ്ഥലങ്ങളിൽ എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ ഞാൻ വി.പി.പി. അയച്ചിട്ടുണ്ട്. വാങ്ങിയവരെല്ലാം മലയാളികൾ തന്നെ,,,
ടെറസ്സിലെ കൃഷിപാഠങ്ങൾ, രണ്ടാം പതിപ്പ്

              വി.പി.പി. പുസ്തകം കൈപ്പറ്റാതെ തിരിച്ചു വരുന്നതിന് കാരണങ്ങൾ പലതാണ്. പുസ്തകം ആവശ്യപ്പെട്ടവർ സ്ഥലത്തില്ലാതായാൽ അതേപറ്റി വിവരം ഇല്ലാത്ത വീട്ടുകാർ ആവശ്യമില്ല എന്നുപറഞ്ഞ് തിരിച്ചയക്കാറുണ്ട്. നാട്ടിലുള്ളപ്പോൾ പുസ്തകം ആവശ്യപ്പെട്ട് അഡ്രസ്സ് അയക്കുന്ന ചിലർ വീട്ടുകാരിയോട് സംഗതി പറയും, ‘പുസ്തകം കൊണ്ടുവരുമ്പോൾ പോസ്റ്റ്‌മാന് പൈസ കൊടുക്കണം’ എന്ന്. പറയുന്ന ആൾ പുസ്തകം വരുന്നതിനുമുൻപ് ഗൾഫിൽ എത്തിയിട്ടുണ്ടാവും. പോസ്റ്റ്‌മാൻ പുസ്തകവുമായി വീട്ടിലെത്തുമ്പോൾ വീട്ടുകാരി കെട്ടിയവൻ പറഞ്ഞതൊക്കെ മറക്കും. എന്നിട്ട് പോറ്റ്സ്‌മാൻ തട്ടിപ്പുമായി വന്നതാണെന്ന് പറഞ്ഞ് പുസ്തകം വേണ്ട എന്നു പറയുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അഡ്രസ്സ് തെറ്റിയാൽ,, പ്രത്യേകിച്ച് പിൻ‌കോഡ്,, തിരിച്ചുവരും. അപൂർവ്വം ചിലർ തമാശയായി പുസ്തകം ആവശ്യപ്പെടും. വിലകൊടുത്ത് പുസ്തകം വാങ്ങാൻ മടി കാണിക്കുന്നവരും ഉണ്ട്. (അതിന്റെയൊക്കെ കവർ ഞാൻ പ്രത്യേകം വെച്ചിട്ടുണ്ട്).
പുസ്തകം 5: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ



VPP= Value Paying Post,  അതായത് പണം കൊടുത്തു വാങ്ങേണ്ട ഉരുപ്പടി,
പുസ്തകം 6: പുട്ടും കടലയും

               അടുത്ത കാലത്തായി ഈ പണം പോസ്റ്റ് ഓഫീസിലുള്ള അക്കൌണ്ടിലേക്ക് ഓൺ‌ലൈനായി എത്തുന്ന പരിപാടി കൂടി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതായത് പുസ്തകം വാങ്ങുന്ന ആൾ നൽകുന്ന പണം അയച്ച ആളിന്റെ അക്കൌണ്ടിൽ ചേർക്കുക. വലിയ പാർസൽ ആയതിനാൽ പോസ്റ്റ് ഓഫീസിൽ പോയിട്ട് സ്വീകരിക്കാൻ വിളിച്ചപ്പോൾ ഞാൻ കൊടുത്ത പണം 236 രൂപ അയച്ച ആളിന്റെ അക്കൌണ്ടിൽ ചേർക്കുന്നു, എന്നാണ് പറഞ്ഞത്. മണി ട്രാൻസ്ഫർ പോലെ,, പണം സ്വീകരിക്കേണ്ട വ്യക്തിക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപം ഉണ്ടായിരിക്കണം. ചെലവ് കൂടും (എന്ന് തോന്നുന്നു)

               ലക്ഷദീപിലും അന്തമാൻ ദീപിലും പുസ്തകം അയച്ചപ്പോൾ പണം എത്തിയത് ഒരുമാസം കഴിഞ്ഞ് ആയിരുന്നു. ഓൺലൈൻ ആയാൽ പെട്ടെന്ന് അക്കൌണ്ടിൽ കിട്ടുമല്ലോ.

 
പുസ്തകം 6, ഉടൻ പ്രസിദ്ധീകരിക്കും

                 വി.പി.പി. തിരികെ വരുമ്പോൾ നഷ്ടം പലതാണ്,, എനിക്കാണെങ്കിൽ സബ് ആയാലും ബ്രാഞ്ച് ആയാലും പോസ്റ്റ് ഓഫീസിൽ എത്താൻ 10മിനിട്ട് നടന്നിട്ട് മിനിമം ചാർജിന് ബസ്സിൽ പോയി വരണം. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലായിരിക്കും പോസ്റ്റൽ യാത്ര. പിന്നെ പൊതിയാനും കെട്ടാനും ഉള്ള മെനക്കേട്, പുസ്തകം തിരികെ ലഭിക്കുമെങ്കിലും അതോടൊപ്പം അയച്ച വി.പി.പി. ചാർജ്ജ് മിനിമം 23 രൂപ പോയതു തന്നെ. ചിലപ്പോൾ മുഷിഞ്ഞതാണെങ്കിലും പുസ്തകം തിരിച്ചു കിട്ടിയല്ലോ എന്ന് സമാധാനിക്കും.



               ഒരിക്കൽ ചെന്നൈയിലെ ഓഫീസ് അഡ്രസ്സിൽ പുസ്തകം അയച്ചു. ഓഫീസർ തൊഴിലാളിയായ തമിഴനെ ഏല്പിച്ചു. പണം കൊടുക്കണമെന്ന് കേട്ടപ്പോൾ ഏല്പിച്ച തൊഴിലാളി വാങ്ങാത്തതിനാൽ പുസ്തകം തിരിച്ചുവന്നു. ഫോൺ ചെയ്തപ്പോഴാണ് പറ്റിയ അബദ്ധം അറിയുന്നത്.  നഷ്ടം വന്ന തുക ഈടാക്കിക്കൊണ്ട് വീണ്ടും അയക്കാൻ പറഞ്ഞപ്പോൾ അതേ പുസ്തകം രണ്ടാമതും അയച്ചു. അത്തവണ അതേ തൊഴിലാളിയെ പണം മുൻ‌കൂട്ടി ഏല്പിച്ചിട്ട് പുസ്തകം വാങ്ങാൻ പറഞ്ഞു. പോസ്റ്റ്‌മാൻ വന്നപ്പോൾ ഓഫീസർ പറഞ്ഞകാര്യം വീണ്ടും അവനങ്ങ് മറന്നു. അപ്പോഴും പുസ്തകം എന്റെ വീട്ടിലെത്തി. ഓഫീസറെ ഫോൺ ചെയ്തപ്പോൾ ‘ഇത്തവണ അബദ്ധം പറ്റില്ല’ എന്ന് ഉറപ്പു നൽകിയിട്ട്  നഷ്ടപരിഹാരം എത്രയാണെങ്കിലും വീണ്ടും പുസ്തകം അയക്കാൻ പറഞ്ഞു. അങ്ങനെ 70 രൂപയുടെ പുസ്തകം ആദ്യം 90 രൂപക്ക് അയച്ചത് ഒടുവിൽ 120 രൂപ ആയപ്പോൾ പണം ലഭിച്ചു. 70+23=90+10=100+20=120രൂപ. ഇതുപോലുള്ള രസകരമായ വി.പി.പി. സംഭവങ്ങൾ ഉണ്ട്. പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ തന്നെ,,,



 
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ, രണ്ടാം പതിപ്പ് അച്ചടിയിൽ
                  പോസ്റ്റ്‌മാന് കൈമടക്ക് കൊടുക്കുന്ന ശീലം എന്റെ വീട്ടിൽ കുറവാണെങ്കിലും അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. ഫ്രീ ആയിട്ട് പുസ്തകങ്ങൾ കൊടുക്കാറുണ്ട്. എന്റെ പുസ്തകങ്ങളെല്ലാം ആവശ്യക്കാർക്ക് വി.പി.പി. ആയി അയച്ചു കൊടുക്കാറുണ്ട്. ആവശ്യമുള്ളവർക്ക് പോസ്റ്റൽ പിൻ‌കോഡും ഫോൺ നമ്പറും ഉൾപ്പെടെ അഡ്രസ് souminik@gmail.com എന്ന ഇ.മെയിലിൽ അറിയിക്കാം. പുസ്തകം ഏതാണെന്നുകൂടി എഴുതണം.

‌‌‌‌‌‌*******